നാടന്‍പശുക്കള്‍:
========================
ഇന്ത്യയിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തിലെ വെച്ചൂര്‍ പശുവും ഉള്‍പ്പെടും.
നാടന്‍പശുക്കളുടെ പാലുത്പാദനം വളരെ കുറവാണെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഇത് മതിയാകും. മേന്മയുള്ള പാലും ലഭിക്കും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലായതുകൊണ്ട് രോഗങ്ങള്‍ വരുന്നത് കുറവാണ്. കുറച്ച് തീറ്റയും മതി. ഇവയുടെ പാലിലും വിദേശഇനം പശുക്കളുടേതിലും ജനിതകമായി ചില മാറ്റങ്ങള്‍ ഉണ്ട്.
പാലില്‍ വെള്ളം 87.7%, കാര്‍ബോഹൈഡ്രേറ്റ് 4.9%, (പഞ്ചസാര) കൊഴുപ്പ് 3.4%, പ്രോട്ടീന്‍ 3.3%, ലവണങ്ങള്‍ 0.7% എന്നിവ അടങ്ങിയിരിക്കുന്നു.
നാടന്‍പശുക്കളുടെ പാലിലുള്ള കൊഴുപ്പിന്റെ കണികകള്‍ വളരെ ചെറുതാണ്. വെച്ചൂര്‍ പശുക്കളില്‍ നടത്തിയ പഠനത്തില്‍, കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന 'ഫോസ്‌ഫോലിപിഡ്' വളരെ കൂടുതലുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫോസ്‌ഫോലിപിഡ് തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇത് കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ ഗുണം ചെയ്യുന്നു.
പാലിന്റെ പ്രോട്ടീനിന്റെ വിഭാഗമായ 'ലാക്ടോഫെറിനി'ല്‍ അടങ്ങിയിട്ടുള്ള 'അര്‍ജിനിന്‍' എന്ന അമിനോ ആസിഡ് കോശങ്ങളുടെ ഉത്പാദനത്തിനും മുറിവ് ഉണങ്ങുന്നതിനും ഹൃദ്രോഗം തടയുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും സഹായകമാണ്.
നാടന്‍പശുക്കള്‍
വെച്ചൂര്‍
സ്വദേശം കോട്ടയം ജില്ലയിലെ വെച്ചൂര്‍ എന്ന സ്ഥലം
പാലുത്പാദനം- ദിവസം രണ്ടര-മൂന്ന് ലിറ്റര്‍
ഉയരം- 85.87 സെന്റിമീറ്റര്‍
നീളം- 124 സെന്റീമീറ്റര്‍
തൂക്കം- 130 കിലോഗ്രാം
ഭക്ഷണം- പച്ചപുല്ലും കുറച്ച് തീറ്റയും (അരക്കിലോമുതല്‍ ഒരു കിലോവരെ)
കാസര്‍കോട് കുള്ളന്‍
സ്വദേശം- കാസര്‍കോടിന്റെ മലമ്പ്രദേശമായ പെരിയ, ബദിയടുക്ക
പാലുത്പാദനം- ദിവസം 2-3 ലിറ്റര്‍
ഉയരം- 95.83 സെ.മീ
തൂക്കം- 147 കിലോ
കിടാക്കള്‍- 10.5 കിലോ (ജനിക്കുമ്പോള്‍)
ആദ്യമദിലക്ഷണം 18-19 മാസത്തില്‍
ഇണ ചേര്‍ക്കേണ്ട സമയം- രണ്ടുമുതല്‍ രണ്ടര വയസ്സ്
ആദ്യകറവ- 33 മാസം മുതല്‍ 36 മാസം
പ്രസവങ്ങള്‍ തമ്മിലുള്ള അകലം -14 മാസം
വടകര ഡ്വാര്‍ഫ്
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും പരിസരങ്ങളിലും. ദിവസം 3-4 ലിറ്റര്‍ പാല്‍ നല്‍കും. കൊഴുപ്പ് കൂടിയ പാലാണിത്
ഹൈറേഞ്ച് ഡ്വാര്‍ഫ്
പീരുമേട് ഇടുക്കി, പാലക്കാട് ഹൈറേഞ്ചുകളില്‍ കാണുന്നവ. പച്ചപ്പുല്‍മാത്രം മതി. എങ്കിലും കുറച്ച് തീറ്റ നല്‍കുന്നത് നല്ലതാണ്. ഒരു വയസ്സുള്ളതിന് 100 സെ.മീറ്റര്‍ ഉയരവും 90 സെ.മീറ്റര്‍ നീളവും ഉണ്ടാകും.
ഇവ പലനിറത്തിലും കാണുന്നു. ചുവപ്പും ചാരനിറവും സാധാരണയാണ്. ഉയര്‍ന്നുനില്‍ക്കുന്ന മുതുകും തൂങ്ങിനില്‍ക്കുന്ന പൂഞ്ഞയും ഇതിന്റെ പ്രത്യേകതയാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുതലുണ്ട്.
ചെറുവള്ളി പശുക്കള്‍
കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിന് സമീപപ്രദേശങ്ങളിലായി കാണുന്നു. കറുപ്പ്, തവിട്ട്, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ ഇവയെ കാണാം.
കൊമ്പ് ചെറുതും സൂചിയുടെ മുനപോലെ കൂര്‍ത്തതുമാണ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂറിനേക്കാള്‍ പൊക്കം അല്പം കൂടുതല്‍. നീണ്ടവാല്. ചെറിയ കുളമ്പ്, ചെമ്പന്‍ കണ്ണുകള്‍. ദിവസം മൂന്നുലിറ്റര്‍ പാല്‍ കിട്ടും. ജീവിതകാലത്ത് 15-17 തവണ പ്രസവിക്കും. വര്‍ഷത്തില്‍ ഒരു പ്രസവം.
ഏറ്റവും ചെറിയ പശു
ഗിന്നസ് റെക്കോഡ് പ്രകാരം നിലവില്‍ കാനഡയിലെ 83 സെ.മീറ്റര്‍ ഉയരമുള്ള 'സ്വാലോ' എന്ന പശുവാണ് ഏറ്റവും ചെറിയ പശു.
മണ്ണുത്തി വെറ്ററിനറി കോളേജ് ജെനറ്റിക്‌സ് വിഭാഗത്തിലെ 79 സെ.മീറ്റര്‍ ഉയരമുള്ള 'ഡയാന'യാണ് ഏറ്റവും ഉയരം കുറഞ്ഞ പശുവെന്നും കോഴിക്കോട്ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിലെ സൂര്യപ്രകാശ് വളര്‍ത്തുന്ന 72 സെ.മീറ്റര്‍ ഉയരമുള്ള 'ഛോട്ടി'(കാസര്‍കോട് കുള്ളന്‍ ഇനം)യാണെന്നും കാസര്‍കോട് പെരളം ഫാമിലെ എന്‍. സുബ്രഹ്മണ്യപ്രസാദിന്റെ കാസര്‍കോട് കുള്ളന്‍ ഇനമായ 71 സെ.മീ. ഉയരമുള്ള 'ബംഗാരി'യാണെ ന്നും വാദങ്ങള്‍ നിലവിലുണ്ട്. ഉയരം എന്തായാലും നാടന്‍ പശുക്കളുടെ പാലിന്റെ ഗുണവും നന്മയും മേന്മയും ഒരുപോലെയാണ്.

No comments: