എമു:
==================
'ചത്താലും ജീവിച്ചാലും പന്തീരായിരം' എന്ന പഴഞ്ചൊല്ല് പണ്ട് ആനയെക്കുറിച്ചായിരുന്നെങ്കില്‍ പുതിയകാലത്ത് അത് കൂടുതല്‍ യോജിക്കുക എമുവിന്റെ കാര്യത്തിലാണെന്ന് റിഷാദലിയും രാജുവും പറയുന്നു. അതുകൊണ്ടുതന്നെയാണ് തയ്യല്‍പണിക്കാരനായിരുന്ന മറവഞ്ചേരിയിലെ രാജുവും കരാര്‍പണിക്കാരനായിരുന്ന ചമ്രവട്ടത്തെ റിഷാദലിയും ആ പണി കളഞ്ഞ് എമു വളര്‍ത്തല്‍ തുടങ്ങിയത്. ബന്ധുവായ ചമ്രവട്ടത്തെ ബാപ്പു ഹാജിയുടെ പറമ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാല് എമുവിനെ വളര്‍ത്തിത്തുടങ്ങിയതാണ്. ഇപ്പോള്‍ 12 എണ്ണമാണ് ഇവരുടെ വളര്‍ത്തുകേന്ദ്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നാണ് എമുവിനെ കൊണ്ടുവരുന്നത്. 10 സെന്റ് ഭൂമിയുണ്ടെങ്കില്‍ 10 ജോഡി എമുവിനെ വളര്‍ത്താമെന്നാണ് ഇവര്‍ പറയുന്നത്.
'പണം മുടക്കുന്നെങ്കില്‍ അത് എമുവിനെ വാങ്ങിച്ചിട്ടാകണം' - റിഷാദലിയുടെ അഭിപ്രായമാണ്. ജോഡിക്ക് 30,000 മുതല്‍ 40,000 രൂപവരെയാണ് എമുവിന്റെ വില. വളരെയധികം സ്വാദിഷ്ടമാണ് എമുവിന്റെ ഇറച്ചി. വിപണിയില്‍ 500 രൂപയാണ് ഒരുകിലോ എമു ഇറച്ചിക്ക്. കൊളസ്‌ട്രോള്‍ ഇല്ലെന്നുള്ളതും പ്രോട്ടീന്റെ അളവ് കൂടുതലാണെന്നതുമാണ് എമു ഇറച്ചിയെ പ്രിയങ്കരമാക്കുന്നത്. ഈ വരുന്ന പെരുന്നാളിന് എമു ഇറച്ചി വില്പനയ്ക്കായി കൗണ്ടര്‍ തുറക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. എമു എണ്ണയ്ക്ക് ലിറ്ററിന് 3500 രൂപ മുതല്‍ 4000 രൂപവരെ വിലയുണ്ട്. സോറിയാസിസ് പോലുള്ള ത്വക്‌രോഗത്തിനുള്ള ഉത്തമ ഔഷധംകൂടിയാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു എമുവില്‍നിന്ന് ആറുലിറ്റര്‍വരെ എണ്ണ കിട്ടുമെന്ന് ഇവര്‍ പറയുന്നു. എമുവിന്റെ മുട്ടയ്ക്കും പൊന്നുംവിലയാണ്. 1200 രൂപയ്ക്കാണ് ഇവര്‍ എമുവിന്റെ മുട്ടകള്‍ വില്‍ക്കുന്നത്. 500 മുതല്‍ 900 ഗ്രാംവരെ തൂക്കവും പച്ചനിറത്തോടും കൂടിയതാണ് മുട്ടകള്‍. റിഷാദലിയും രാജുവും തങ്ങളുടെ പുതിയ 'തൊഴിലി'ന്റെ ലാഭക്കണക്കുകള്‍ വിശദീകരിക്കാന്‍ തുടങ്ങി.
40 വയസ്സുവരെയാണ് ആയുസ്സ് കണക്കാക്കുന്നത്. ഒരുവര്‍ഷം 40 മുട്ടവരെ ഇടും. ആറുമാസംകൊണ്ട് എമുവിന്റെ വളര്‍ച്ച പൂര്‍ണമാകും. പിന്നീട് ഭാരം കൂടുമെങ്കിലും വളര്‍ച്ച കാര്യമായി ഉണ്ടാകില്ല. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു എമുവിന് 70 കിലോവരെ ഭാരമുണ്ടാകും.
മുഴുവന്‍സമയ ശ്രദ്ധയും പരിചരണവും ആവശ്യമില്ലാത്ത ഒന്നാണ് എമുവളര്‍ത്തല്‍. അതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും തിരക്കുകള്‍ക്കിടയിലും ഒരുദിവസം വളര്‍ത്തുകേന്ദ്രത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. ആറുമാസത്തിലൊരിക്കല്‍ ഓരോ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ആദ്യത്തെ മൂന്നുമാസം അസുഖങ്ങളൊന്നും പിടിപെടാതെ നോക്കണം. ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും എമുവിനുണ്ട്. കാബേജ്, മുരിങ്ങയില, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ തീറ്റയായി കൊടുക്കാം. എമുവിനുള്ള പ്രത്യേകതരം തീറ്റ വിപണിയിലും കിട്ടും. 15 ദിവസം തീറ്റയൊന്നുമില്ലെങ്കിലും ഇവറ്റകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ചുറ്റും കുറ്റിയടിച്ച് കെട്ടിയ വലകള്‍ക്കുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എമുവിനെ തലോടിക്കൊണ്ട് രാജു പറഞ്ഞു. ഇനി അഥവാ അസുഖംവന്ന് ഏതെങ്കിലും ഒന്ന് ചത്തുപോയാലും മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് ഇവര്‍ക്ക് ഉറപ്പാണ്. കാലിലെ നഖത്തിനും തൂവലിനുംവരെ വിലയുണ്ട്. ഒരുകിലോ തൂവല്‍ വിറ്റാല്‍ 500 രൂപവരെ കിട്ടും.
എമുവളര്‍ത്തലിന്റെ സാധ്യതകള്‍ ആരായാന്‍ പലരും മറവഞ്ചേരിയിലെ ഇവരുടെ എമു ഫാമിലെത്തുന്നു. ഫോണ്‍:
9744720545, 9809281618.
ഓര്‍മിക്കാന്‍
--------------
* തീറ്റ ഈര്‍പ്പം തട്ടാതെ നോക്കണം. തീറ്റ മോശമായാല്‍
അത് കരള്‍രോഗങ്ങള്‍ പിടിപെടാനിടയാക്കും
* വളര്‍ത്തുകേന്ദ്രത്തില്‍ വല കെട്ടുമ്പോള്‍ ഉയരം ആറടിയില്‍
കൂടുതല്‍ വേണം
* അടച്ചിട്ട് വളര്‍ത്തരുത്
* കുത്തിവെപ്പിനും മറ്റും പിടിക്കുമ്പോള്‍ നഖംകൊണ്ട് ദേഹത്ത്
തട്ടാതെ നോക്കണം

No comments: