തേനീച്ച വളര്‍ത്തല്‍:
=============================
ചുവരുകളിലെ വിടവുകള്‍ക്കിടയിലും മരപ്പൊത്തുകളിലും കല്ലിടുക്കുകളിലുമെല്ലാം സ്വാഭാവികമായി കാണപ്പെടുന്ന ചെറുതേനീച്ച അഥവാ സ്‌റ്റിംഗ്ലസ്‌ ബീ ഉല്‍പാദിപ്പിക്കുന്ന ചെറുതേന്‍ അത്യന്തം ഔഷധഗുണം നിറഞ്ഞതാണ്‌. ഒട്ടനവധി ഔഷധസസ്യങ്ങളില്‍ നിന്നും തേനും പൂമ്പൊടിയും ശേഖരിക്കുന്നതാണ്‌ ചെറുതേനീച്ചയുടെ തേനിന്റെ ഔഷധഗുണത്തിന്‌ കാരണമെന്ന്‌ കരുതുന്നു.
ശരീരത്തിനാവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ളതാണ് തേൻ. വർദ്ധിച്ച തോതിൽ ഊർജ്ജം പ്രദാനം ചെയ്യുന്നു . ഈ ഊർജ്ജം വളരെ വേഗം രക്‌തത്തിൽ ലയിക്കുന്നതിനാൽ വേഗത്തിൽ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വർദ്ധിക്കാനും രക്‌തം ശുദ്ധീകരിക്കാനും തേൻ അത്യുത്തമമാണ്. ഇതിലടങ്ങിയ കാൽസ്യം ആന്തരിക ഗ്രന്‌ഥികളുടെ പ്രവർത്തനം ക്രമീകരിക്കുന്നു. കാൽസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ഓസ്‌റ്റിയോ പൊറോസിസ് അകറ്റാൻ തേൻ കഴിക്കുന്നത് നല്ലതാണ്. തേനിൽ അർബുദത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾഅടങ്ങിയിട്ടുണ്ട്.
തുളസി, തെറ്റി, കീഴാര്‍നെല്ലി, തഴുതാമ, നീലയമരി എന്നിങ്ങനെ നിരവധി ഔഷധസസ്യങ്ങളുടെ ചെറുപൂക്കളില്‍ നിന്നും ചെറുതേനീച്ച പൂമ്പൊടിയും തേനും ശേഖരിക്കുന്നുണ്ട്‌. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു നല്‍കുന്ന ആയൂര്‍വ്വേദമരുന്നുകള്‍ ചാലിച്ചു നല്‍കാന്‍ ചെറുതേന്‍ ആവശ്യമായതോടെ അടുത്തകാലത്ത്‌ ഇതിന്റെ ഡിമാന്റു കൂടി. ഒരു കിലോഗ്രാം ചെറുതേനിന്‌ 1500 രൂപയിലേറെയാണ്‌ വില.
വാണിജ്യാടിസ്‌ഥാനത്തിലുള്ള ചെറുതേനീച്ച വളര്‍ത്തല്‍ മെല്ലിപ്പോണികള്‍ച്ചര്‍ എന്നറിയപ്പെടുന്നു. കേരളത്തില്‍ ചെറുതേനീച്ച വളര്‍ത്തല്‍ വ്യാപിപ്പിക്കാന്‍ അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. വീട്ടമ്മമാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ യോജിച്ച സംരംഭമാണ്‌ ചെറുതേനീച്ച വളര്‍ത്തല്‍. സ്വന്തമായി കൃഷിഭൂമിയില്ലാത്തവര്‍ക്കും ലാഭകരമായി ചെയ്യാം.
മതിലുകളിലും മരപ്പൊത്തുകളിലും സ്വാഭാവികമായി കാണപ്പെടുന്ന ചെറുതേനീച്ചയുടെ ഫെറല്‍ കോളണികളെ ചെറുവാവട്ടമുള്ള മണ്‍കലങ്ങളിലോ പി.വി.സി. പൈപ്പും ബെന്റുകളും ഉപയോഗിച്ചോ വളര്‍ത്തുന്നതിനു വേണ്ടി ശേഖരിക്കാം. മുളങ്കൂടുകള്‍, മണ്‍ചട്ടി, മണ്‍കലം, ചിരട്ട, പിവിസി പൈപ്പ്‌, തടിപ്പെട്ടികള്‍ എന്നിവയിലെല്ലാം കര്‍ഷകര്‍ ചെറുതേനീച്ചകളെ വളര്‍ത്തുന്നുണ്ട്‌. 1960 സി.സി വ്യാപ്‌തമുള്ള മുളങ്കൂടുകളാണ്‌ ചെറുതേനീച്ച വളര്‍ത്താന്‍ നല്ലതെന്നാണ്‌ ഗവേഷണത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍ മുളങ്കൂടുകള്‍ സുലഭമല്ലാത്തതിനാല്‍ ഇതേ വ്യാപ്‌തമുള്ള തടിപ്പെട്ടികള്‍ നിര്‍മ്മച്ചും ഇവയെ വളര്‍ത്താം. ഇതിനു യോജിച്ച തടിപ്പെട്ടികള്‍ വെള്ളായണിയിലേ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രത്തില്‍ രൂപകല്‍പന ചെയ്‌തു വികസിപ്പിച്ചെടുത്തിട്ടുണ്ട്‌്.
മുളന്തണ്ട്‌ സമാന്തരമായി നീളത്തില്‍ മുറിക്കുന്നതുപോലെ തടിപെട്ടിയുടെ രണ്ടു തുല്യഭാഗങ്ങള്‍ സമാന്തരമായി വരത്തക്ക വിധമാണ്‌ നിര്‍മാണം. ഇരുട്ട്‌ ഏറെ ഇഷ്‌ടപ്പെടുന്ന ജീവികളാണ്‌ ചെറുതേനീച്ചകള്‍. മഴ, വെയില്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കിവേണം ചെറുതേനീച്ചപെട്ടികള്‍ സ്‌ഥാപിക്കാന്‍.
മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ്‌ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ്‌ ചെറുതേന്‍ വിളവെടുപ്പ്‌. തേനെടുക്കാന്‍ തേനീച്ച കോളണി തുറക്കുമ്പോള്‍ ധാരാളം വേലക്കാരി ഈച്ചകള്‍ ചത്തു പോകാന്‍ സാധ്യതയുണ്ട്‌. ഇതൊഴിവാക്കാന്‍ ഒന്നോ- ഒന്നരയോ ലിറ്റര്‍ വ്യാപ്‌തമുള്ള കുടിവെള്ള കുപ്പികളുടെ പാര്‍ശ്വങ്ങളില്‍ ആണി കൊണ്ട്‌ ദ്വാരങ്ങളിട്ട്‌ അവയെ മാറ്റിയതിനുശേഷം വേണം തേനെടുക്കാന്‍. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ്‌ ചെറുതേനീച്ച കോളണികള്‍ വിഭജിക്കാന്‍ അനുയോജ്യമായ സമയം. മറ്റു തേനീച്ചകള്‍ക്കെന്ന പോലെ ചെറുതേനീച്ചകള്‍ക്കും ക്ഷാമകാലത്തു കൃത്രിമാഹാരം നല്‍കണം. മറ്റു തേനീച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതേന്‍ ഉല്‍പാദനം കുറവാണ്‌. ഒരു കോളണിയില്‍ നിന്നും 250-850 മില്ലിലിറ്റര്‍ തേന്‍ വരെ ലഭിക്കും.
ഒട്ടനവധി രോഗങ്ങള്‍ക്കെതിരെയുള്ള സിദ്ധൗഷധമാണ്‌ ചെറുതേന്‍. ജലാംശംകുറവായതിനാല്‍ മറ്റു തേന്‍ പോലെ ഇത്‌ പ്രത്യേകം സംസ്‌കരിക്കേണ്ടതില്ല. വെയിലുകൊണ്ട്‌ ചൂടാക്കിയാല്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാം. ചെറുതേന്‍ ചേര്‍ത്ത ഔഷധം നല്‍കി നിരവധി രോഗങ്ങള്‍ ഗൃഹചികിത്സയിലൂടെതന്നെ ഭേദമാക്കാം. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാനും ചര്‍മ്മസൗന്ദര്യവും മുഖകാന്തിയും കൂട്ടാനും ചെറുതേന്‍ അത്യുത്തമമാണ്‌. അമിതവണ്ണം കുറക്കുന്നതിനും നേത്രരോഗങ്ങള്‍ മൂത്രാശയരോഗങ്ങള്‍, ഉദരരോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയിലൂടെയെല്ലാം ചികിത്സയിലും ചെറുതേന്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ചെറുതേനീച്ച വളര്‍ത്തല്‍ പ്രചരിപ്പിക്കാനും കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും പരിശീലനം നല്‍കാനും നിരവധി പദ്ധതികള്‍ കേരള കാര്‍ഷിക സര്‍വകലാശാല നടപ്പാക്കി വരുന്നുണ്ട്‌. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം മേധാവിയും കേരള കാര്‍ഷിക സര്‍വകലാശാലയുടെ തെക്കന്‍ മേഖലാ കാര്‍ഷിക ഗവേഷണവിഭാഗം അസോസിയേറ്റ്‌ ഡയറക്‌ടറുമായ ഡോ. എസ്‌. ദേവനേശന്റെ നേതൃത്വത്തിലാണ്‌ പരിശീലനപരിപാടികള്‍ നടത്തുന്നത്‌.

No comments: