മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരിമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പാവൽ  ,  കടച്ചക്ക/ശീമച്ചക്ക 






അടുക്കളത്തോട്ടം:
======================================
നഗരങ്ങളില്‍ സുലഭമല്ലെങ്കിലും ഗ്രാമങ്ങളില്‍ അടുക്കളത്തോട്ടത്തിനായി സ്ഥലം മാറ്റിവയ്ക്കാന്‍ കഴിയുന്നവര്‍ ഇന്നും ഉണ്ട്. അവര്‍ക്ക് പത്തു സെന്ററില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ട മിക്കവാറും പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കാം. കായികാദ്ധ്വാനത്തോടൊപ്പം വിഷമില്ലാത്ത ഭക്ഷണം കഴിക്കാം എന്നതും വളരെ പ്രധാനമാണ്. ഒരു മാതൃകാ ജൈവഅടുക്കളത്തോട്ടം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

പകല്‍ മുക്കാല്‍ഭാഗവും വെയില്‍ കിട്ടുന്ന പ്രദേശങ്ങള്‍ കൃഷിക്കായി തിരഞ്ഞെടുക്കണം. വേനല്‍ക്കാലത്ത് നനയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കണം. വടക്ക്-കിഴക്ക് ഭാഗത്തായി ചിരകാല സ്ഥായിയയുള്ള വൃക്ഷവിളകള്‍ നടുക. കറിവേപ്പ്, മുരിങ്ങ, പപ്പായ, ഒടിച്ചുകുത്തി നാരകം, ചെറുനാരകം, അഗസ്തി, ബിലിമ്പിപുളിഞ്ചി, സൌഹൃദച്ചീര, വാഴകള്‍ മുതലായവ ഇങ്ങനെ നടാം. അതിരുകളില്‍ നാലര മീറ്റര്‍ വിട്ടു വരിയായി കമുക് നടാം. അവ വളര്‍ന്നു കഴിഞ്ഞാല്‍ അവ തമ്മില്‍ കയര്‍ കെട്ടി പയര്‍, പാവല്‍ മുതലായവ വളര്‍ത്താം. അതിരില്‍ നടാന്‍ പറ്റിയ മറ്റു വിളകള്‍ : കോവല്‍, ചുണ്ട, കാന്താരിമുളക്, കന്നുകാലികള്‍ക്കായുള്ള തീറ്റപ്പുല്ല്, മക്കച്ചോളം, തുവര മുതലായവ.
മറ്റു പച്ചക്കറികള്‍ അവയുടെ സ്വഭാവം അനുസരിച്ച് പ്രത്യേക തടങ്ങളില്‍ നടുക. വെണ്ട, ചീര, ചെഞ്ചീര, തക്കാളി, വഴുതന, മുളകുകള്‍, പാവല്‍, പടവലം, പയര്‍, വാളരി, കോവല്‍, ചതുരപ്പയര്‍, നിത്യവഴുതിനങ്ങ, മത്തന്‍, കുമ്പളം, വെള്ളരി, തണ്ണിമത്തന്‍, സലാഡ് വെള്ളരി, ചേന, ചേമ്പ്, മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചില്‍, ചെറുകിഴങ്ങ്, നനകിഴങ്ങ്, കൂവക്കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍,  മാങ്ങഇഞ്ചി ഇങ്ങനെ അനേകം തരം ഭക്ഷ്യവസ്തുക്കള്‍ നമുക്ക് സ്വന്തമായി ഉണ്ടാക്കാം. കൌതുകത്തിനായി വൃശ്ചിക മാസത്തില്‍ കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, പാലക് ചീര, റാഡിഷ് തുടങ്ങിയവയും നടാം.

വടക്ക്-പടിഞ്ഞാറ് അതിരിലായി മേല്‍ക്കൂരയോട് കൂടിയ ഒരു ചെറിയ കമ്പോസ്റ്റ് കുഴിയുണ്ടെങ്കില്‍ വിളകളുടെ അവശിഷ്ടങ്ങളും മൃഗജന്യവസ്തുക്കളും ചേര്‍ത്ത് കമ്പോസ്റ്റ് സ്വന്തമായുണ്ടാക്കാം. അതിനായി മൂന്നടി താഴ്ച്ചയും, ആറടി നീളവും, നാലടി വീതിയുമുള്ള ഒരു കുഴിയെടുക്കുക. മഴവെള്ളത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു മേല്‍ക്കൂര ഷീറ്റ് കൊണ്ടോ ഓല കൊണ്ടോ ഉണ്ടാക്കുക. കുഴിയുടെ അടിയില്‍ ഒരു വശത്തേയ്ക്ക് ചരിവുണ്ടാകണം. കുഴിയിലെ ജലാംശം കൂടിയാല്‍ കെട്ടി നില്‍ക്കാതിരിക്കാനാണ് ഇത്. മൂന്നു മാസം കൊണ്ട് കുഴി നിറക്കുകയും മൂന്ന് മാസം കൊണ്ട് കമ്പോസ്റ്റ് പാകപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം കുഴിയില്‍ പച്ചചാണകം കലക്കിയത് രണ്ടു ബക്കറ്റ് ഒഴിക്കുക. ഒരു ദിവസത്തിനു ശേഷം കുഴിയില്‍ സാധനങ്ങള്‍ ഇട്ടുതുടങ്ങാം. പശു, ആട്, കോഴി, നായ്, പൂച്ച എന്നിങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ക്ക് ഭക്ഷ്യാവശിഷ്ടങ്ങളോ പച്ചക്കറിഅവശിഷ്ടങ്ങളോ ബാക്കി വരുകയില്ല. അതിനാല്‍ മൃഗവശിഷ്ടങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. വീട്ടുപരിസരത്ത് വരുന്ന എന്ത് ജൈവാവശിഷ്ടവും ചാണകമോ കാഷ്ടമോ മത്സ്യാവശിഷ്ടമോ, എന്തും കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേപിക്കാം. ദുര്‍ഗന്ധമുണ്ടാക്കുന്ന വസ്തുക്കള്‍ ഇടുകയാണെങ്കില്‍ അതിനു മുകളിലായി കുറച്ചു മേല്മണ്ണ്‍ കൂടി ഇടുക. ദുര്‍ഗന്ധം ശമിക്കുകയും കമ്പോസ്റ്റിന്റെ ഗുണം കൂടുകയും ചെയ്യും. എന്നാല്‍ പ്ലാസ്റ്റിക്, എല്ല്, കട്ടിയുള്ള മീന്മുള്ള്, ചാരം, കുമ്മായം, കുപ്പിചില്ല്, മറ്റു രാസവസ്തുക്കള്‍, സോപ്പ് വെള്ളം, മണ്ണെണ്ണ,  എന്നിവ ഒരുകാരണവശാലും കുഴിയില്‍ ഇടരുത്. രണ്ടാഴ്ചയിലൊരിക്കല്‍ കുഴിയിലെ വസ്തുക്കള്‍ ഇളക്കികൊടുക്കണം. മൂന്ന് മാസം കൊണ്ട് കുഴി നിറയ്ക്കുക. തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തില്‍ ആയിക്കഴിയുമ്പോള്‍ നിര്‍ത്തുക. ശേഷം ചെളി കൊണ്ട് പൊതിയണം. കുഴിയിലെ ഈര്‍പ്പം നിലനിര്‍ത്താനായി രണ്ടാഴ്ചയിലൊരിക്കല്‍ ചെറുതായി നനച്ചു കൊടുക്കണം എന്നാല്‍ കൂടുതല്‍ ജലം കടന്നു ചെല്ലാനും പാടില്ല. മൂന്ന് മാസത്തിനു ശേഷം കമ്പോസ്റ്റ് പൊട്ടിച്ച് ചെളിമണ്ണ് മാറ്റി ഇളക്കിയെടുത്ത് തണലത്തിട്ട്‌ തോര്‍ക്കണം. അതിനു ശേഷം ചാക്കുകളില്‍ കെട്ടി ഇരുണ്ട മുറികളില്‍ സൂക്ഷിച്ചു വെയ്ക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം.

ചെടികള്‍ക്ക് കീടാക്രമണങ്ങളില്‍ നിന്നും രക്ഷയേകാനായി തുളസി, വേപ്പില, പെരുവലം, കിരിയാത്ത്, ജമന്തി, ബന്തി, തകര തുടങ്ങിയ ചെടികളുടെ ഭാഗങ്ങളോ കായം, കുന്തിരിക്കം, വേപ്പെണ്ണ, ചാരം, ഉപ്പ് മുതലായവയോ ഉപയോഗിക്കാം.

ആവര്‍ത്തനക്കൃഷി ഒഴിവാക്കാനായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മൂന്ന് മാസം ചിരകാല സ്ഥായിയയുള്ള വൃക്ഷവിളകള്‍ ഒഴികെയുള്ളിടത്തു കിളച്ച് ഒരുക്കി ഉഴുന്ന്, ചോളം, കരനെല്ല്, എള്ള് തുടങ്ങിയവ കൃഷി ചെയ്യുക. ഒരേ സ്വഭാവമുള്ള ചെടികള്‍ തുടര്‍ച്ചയായി ഒരേ തടത്തില്‍ ചെയ്യാതിരിക്കുക.

No comments: