കുടംപുളി:
 ===============
 കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ഈ മരം 12 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു. ആയുര്വേദത്തില് ഉദരരോഗങ്ങള്, ദന്തരോഗം, കരള്രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന് ശുപാര്ശ ചെയ്യുന്നുണ്ട്. ഇതിന്റെ പാകമായ കായ്കളില് നിന്ന് വേര്തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്. വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്ഭപാത്രം പൂര്വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്. പറിച്ചെടുത്ത കായ്കള് സ്റ്റീല് കത്തി ഉപയോഗിച്ച് നീളത്തില് മുറിച്ചെടുത്ത് കുരു കളയുന്നു. ശേഷം അവ വെയിലത്ത് ഉണക്കുന്നു. വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്. പുളിക്ക് മൃദുത്വം കിട്ടാന് വേണ്ടിയാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്. കുമിള്ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള് 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും. ---------------

No comments: