ആടലോടകം:
 =======================
 ഭാരതത്തിന്റെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. സമൂലം ഔഷധഗുണം മൂലം ഒട്ടുമിക്ക ആയുര്വേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഡത്തോഡ വസിക്ക (Adhatoda Vasica Nees) എന്ന പേരിലറിയപ്പെടുന്ന വലിയ ആടലോടകവുംആഡത്തോഡ ബെഡോമിയൈ (Adhatoda beddomei Clark) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറിയ ആടലോകവുമുണ്ട്. ഇതില് ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്. ആടുതൊടാപ്പാല എന്ന വിളിപേരില് നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ ( Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചത്. ഈ ചെടികളുടെ വേരുകളിലുള്ള വീര്ത്തഗ്രന്ഥികളാണ് മലബാര് നട്ട് (Malabar nut) എന്ന് ഇംഗ്ലീഷ് വിളിപ്പേരിന് കാരണം. ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള് തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. ഏതാനും മീറ്റര് ഉയരം വെയ്ക്കുന്ന ഈ കുറ്റിച്ചെടി കമ്പുനട്ടോ വിത്തുപാകിയോ കിളിര്പ്പിക്കാം. രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള് ഈ ചെടിയില് നിന്നും എടുക്കുന്നുണ്ട്. ആയുര്വേദ വിധിപ്രകാരം രൂക്ഷഗന്ധവും ശീതവീര്യവുമുള്ളതാണ് ആടലോടകം. ഇലയില് ബാഷ്പശീലത്വമുള്ള സുഗന്ധതൈലമുണ്ട്. കഫനിവാരണത്തിനുള്ള ഒരു അലോപ്പതി ഔഷധം ഈ സസ്യത്തില് നിന്നും ഉല്പാദിപ്പിച്ചുവരുന്നു. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയാന് സഹായിക്കും. ഇലച്ചാറും തേനും ഓരോ സ്പൂണ് വീതം ചേര്ത്ത് സേവിച്ചാല് ചുമ ശമിക്കും. ഇലയുടെ നീര് ശര്ക്കര ചേര്ത്ത് കഴിച്ചാല് അമിതാര്ത്തവം മാറും. ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല് ശ്വാസകോശരോഗങ്ങളും പനിയും മാറും. ഛര്ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല് , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല് , ആസ്തമ, രക്തംതുപ്പല്, പനി, ഛര്ദി, കഫപിത്ത ദോഷങ്ങള്, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. വയറുവേദനക്കും ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല് കൈകാലുകള് ചുട്ടുനീറുന്നത് മാറും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില് തേന് ചേര്ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല് ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില് തേനും പഞ്ചസാരയും ചേര്ത്ത് കഴിക്കുകയാണെങ്കില് രക്തപിത്തം വിടും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല് രക്താതിസാരം ഭേദമാകും. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്ത്ത് കഴിച്ചാല് നെഞ്ച് വേദനയും ചുമയും കുറയും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്ത്ത് സേവിച്ചാല് കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല് ചുമ ഭേദമാകും. ചെറിയ ആടലോടകത്തിന്റെ ഇല നീരില് ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല് ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള് സ്പൂണ് വീതം അത്രയും തേനും ചേര്ത്ത് ദിവസം മൂന്ന്നേരം വീതം കുടിച്ചാല് ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കര്ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില് കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന് ചേര്ത്ത് പതിവായി കുടിച്ചാല്ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും. വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന് ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്ത്ത് പ്രഷര് കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക.അതില് 500 ഗ്രാം കല്ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല് 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര് വെള്ളത്തില് കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില് 250 മി.ലി നെയ്യ് ചേര്ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല് ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല് എന്നിവ മാറിക്കിട്ടും. ആടലോടകത്തിന്റെ നീരും ഇഞ്ചിനീരും തേനും ചേര്ത്ത് സേവിക്കകയാണെങ്കില് കഫംഇല്ലാതാവുന്നതാണ്. തണലില് ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്ത്ത് ചുമയ്ക്ക്ഉപയോഗിക്കാം. ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില് സമം തേന് ചേര്ത്ത് സേവിച്ചാല് രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില് പുരട്ടിയാല് പ്രസവം വേഗം നടക്കും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില് നിന്ന് തയ്യാറാക്കുന്നവാസിസെന് എന്ന മരുന്ന് ഉപയോഗിക്കുന്നു. കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള് , ബാക്ടീരിയകള്, കീടങ്ങള് ഇവയെ ശമിപ്പിക്കാന് ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം ----

No comments: