കാട വളര്‍ത്തല്‍:
======================
ആദായകരമായ ഉപതൊഴില്‍ എന്ന നിലയിലും ചെറുകിട സംരംഭം എന്ന നിലയിലും കാട വളര്‍ത്തലിന്‌ ഇന്ന്‌ പ്രചാരം കിട്ടി വരുകയാണ്‌. കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. കേരളത്തില്‍ കാട വളര്‍ത്തലിനു ഏറെ സാധ്യതകളുണ്ട്‌. സ്‌ത്രീ സ്വാശ്രയ സംഘങ്ങള്‍ക്കും വ്യക്‌തികള്‍ക്കും എളുപ്പും പ്രാവര്‍ത്തികമാക്കാവുന്ന ഈ തൊഴിലിന്‌ സ്‌ഥലപരിമിതിപോലും പ്രശ്‌നമല്ല. സ്‌ഥലസൗകര്യം ഇല്ലാത്തവര്‍ക്ക്‌ വീടുകളുടെ ടെറസുകളിലും കാടകളെ വളര്‍ത്താം.
ജപ്പാനീസ്‌ കാട എന്ന ചെറുപക്ഷിയുടെ ജീവിതചക്രം വളരെ ചെറുതാണ്‌. ഒരു വര്‍ഷത്തില്‍ മൂന്നുനാലു തലമുറകള്‍ വരെ ഉണ്ടാകും. വളരെ ചെറുതായതിനാല്‍ തീറ്റചെലവും താരതമ്യേന കുറവാണ്‌. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്‌ഥലത്ത്‌ ഏതാണ്ട്‌ 8-10 കാടകളെ വളര്‍ത്തുകയുമാകാം. മാത്രമല്ല ഇവയ്‌ക്ക് രോഗങ്ങളും കുറവാണ്‌. ജപ്പാനീസ്‌ കാടകളില്‍തന്നെ വിവിധ ഉപ ഇനങ്ങള്‍ ഉണ്ട്‌. മുട്ടയ്‌ക്കും ഇറച്ചിക്കുമായി പ്രത്യേക ഇനങ്ങള്‍ മാത്രമല്ല വെള്ള നിറത്തിലുള്ള കാടകളും ലഭ്യമാണ്‌.
കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ്‌ കാട വളര്‍ത്തല്‍. ആറാഴ്‌ച പ്രായമാകുമ്പോള്‍ മുതല്‍ മുട്ടയിട്ടു തുടങ്ങുന്ന പെണ്‍കാടകള്‍ 52 ആഴ്‌ചവരെ മുട്ടയിടുന്നു. ഒരു കാട മുട്ടയ്‌ക്ക് ശരാശരി 10 ഗ്രാം തൂക്കം വരും.
280-300 മുട്ടയെങ്കിലും ഒരു കാടയില്‍നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള്‍ വിപണനം ചെയ്യാം. കാടമുട്ടകള്‍ വിരിയുന്നതിന്‌ 16-18 ദിവസം മതിയാകും. കാടകളെ കൂടുകളിലോ ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ വളര്‍ത്താവുന്നതാണ്‌. ഏതു രീതിയിലായാലും കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഷെഡുകള്‍ നിര്‍മിക്കുന്നതാണ്‌ ഉത്തമം. രണ്ട്‌ മൂന്ന്‌ ആഴ്‌ചവരെ കാട കുഞ്ഞുങ്ങള്‍ക്ക്‌ കൃത്രിമമായി ചൂട്‌ നല്‍കേണ്ടതാണ്‌. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ വൈദ്യുതി ബള്‍ബ്‌ ഇടാവുന്നതാണ്‌.
കേജ്‌ രീതിയിലുള്ള പരിപാലനമാണെങ്കില്‍ 0-2 ആഴ്‌ച പ്രായമുള്ള 100 കാടകളെ മൂന്ന്‌ അടി നീളം -2 അടി വീതി -1 അടി ഉയരം എന്ന അളവില്‍ നിര്‍മിച്ച കൂട്ടില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. 306 ആഴ്‌ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ 20 മുട്ടട കാടകളെ (7-52 ആഴ്‌ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത്‌ രണ്ട്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരത്തിലുള്ള കൂടുകളാണ്‌. തീറ്റയും വെള്ളവും കൊടുക്കുന്നതിന്‌ പ്രത്യേക സൗകര്യങ്ങള്‍ കൂടിന്റെ വശങ്ങളില്‍ ഒരുക്കണം. ഡീപ്പ്‌ ലിറ്റര്‍ രീതിയെ അപേക്ഷിച്ച്‌, കൂടുകളില്‍ വളര്‍ത്തുന്ന കാടികളെ പരിപാലിക്കാന്‍ എളുപ്പമാണ്‌. മാത്രവുമല്ല, സ്‌ഥലവും കുറച്ച്‌ മതി.
കാടയുടെ പരിപാലന ചെലവില്‍ 70 ശതമാനത്തോളം തീറ്റയുടെ വിലയാണ്‌. കാടക്ക്‌ നല്ല പോഷകമൂല്യമുള്ള തീറ്റ ആവശ്യമാണ്‌. ഓരോ പ്രായത്തിലും ഓരോ വിധത്തിലുളള തീറ്റകളാണ്‌ കൊടുക്കേണ്ടത്‌. ആദ്യത്തെ മൂന്നാഴ്‌ച സ്‌റ്റാര്‍ട്ടര്‍ തീറ്റയും (27% മാംസ്യം, 2750 കിലോ കലോറി ഊര്‍ജം), 3-6 ആഴ്‌ച വരെ ഗ്രോവര്‍ തീറ്റയും (24% മാംസ്യം, 2750 കിലോ കലോറി ഊര്‍ജം) ആണ്‌ കൊടുക്കേണ്ടത്‌. കാട മുട്ടകള്‍ക്ക്‌ ലേയര്‍ തീറ്റയാണ്‌ (22% മാംസ്യം, 2650 കിലോ കലോറി ഊര്‍ജം) ഉത്തമം.

No comments: