സ്ട്രോബറി: ======================== ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും സ്ട്രോബറി കാലം തുടങ്ങി. കാന്തല്ലൂരില് ചിലയിടങ്ങളില് വിളവെടുപ്പ് തുടങ്ങി. മറ്റിടങ്ങളില് പഴങ്ങള് പാകമായി വരുന്നുണ്ട്. സംസ്ഥാന ഹോര്ട്ടികള്ച്ചര് മിഷന് വഴി കാന്തല്ലൂരില് 30,000 തൈകളും വട്ടവടയില് 20,000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. ആദ്യഘട്ടങ്ങളില് തൈ വച്ചവരാണ് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാല് നല്ല സീസണാവും. പുണെയില്നിന്ന് സ്വീറ്റ്യാര്ലി ഇനത്തില്പ്പെട്ട സ്ട്രോബറി തൈകളാണ് കര്ഷകര്ക്ക് നല്കിയിരിക്കുന്നത്. തട്ടുകളായി നിലംതിരിച്ച് ഒരടി വ്യത്യാസത്തില് തൈകള് നട്ടു. ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. മൂന്നാം മാസം മുതല് പഴങ്ങള് പറിച്ചുതുടങ്ങും. 15 ദിവസത്തില് ഒരിക്കല് വിളവെടുക്കാം. ഒരു ചെടിയില്നിന്ന് 300-400 ഗ്രാം പഴങ്ങള് കിട്ടുമെന്ന് കാന്തല്ലൂരിലെ കര്ഷകനായ മോഹന്ദാസ് പറഞ്ഞു. ഇപ്പോള് ടൂറിസ്റ്റുകള്ക്കാണ് പഴങ്ങള് വില്ക്കുന്നത്. നല്ലവില കിട്ടുന്നുണ്ട്. ശീതകാല പച്ചക്കറി വിപണന കര്ഷകസംഘം വഴി സ്ട്രോബറി പഴങ്ങള് ശേഖരിച്ച് ചെറിയ പെട്ടികളിലാക്കി വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് കര്ഷകര്. കാന്തല്ലൂരില് 60ഓളം കര്ഷകര് സ്ട്രോബറി കൃഷി ചെയ്യുന്നുണ്ട്. ഹോര്ട്ടികള്ച്ചര് മിഷന് വഴി ആദ്യം രജിസ്റ്റര് ചെയ്ത 23 കര്ഷര്ക്കാണ് 30,000 തൈകള് സൗജന്യമായി നല്കിയത്. ആവശ്യക്കാരുണ്ടെങ്കില് ഇനിയും തൈകള് എത്തിച്ചുനല്കുമെന്ന് അധികൃതര് പറഞ്ഞു. ----------------

No comments: